ചങ്ങനാശേരി: മികവിന്റെ കലാലയമായ സെന്റ് ബര്‍ക്കുമാന്‍സ് കോളജ് 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാഠ്യവിഷയങ്ങള്ക്കൊപ്പംതന്നെ സ്പോര്‍ട്സ് ആൻഡഡ് ഗെയിംസിലും തലയെടുപ്പ്കാട്ടിയിട്ടുണ്ട്. നിരവധി സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ താരങ്ങളെ സംഭാവന ചെയ്ത ഒരു കലാലയമാണിത്. ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റൺ, ഹോക്കി തുടങ്ങിയ ഗെയിമുകളില്‍ നിരവധി യൂണിവേഴ്സിറ്റി താരങ്ങളേയും സംസ്ഥാന-ദേശീയ താരങ്ങളേയും എസ്ബി കോളജ് സംഭാവന ചെയ്തിട്ടുണ്ട്.
ഇന്ത്യയ്ക്കുവേണ്ടി നിരവധി തവണ ഫുട്ബോള്‍ ഗോള്‍വലയം കാത്ത കെ.ടി. ചാക്കോ എസ്ബിയുടെ താരമാണ്. ഈ ഫെബ്രുവരി എട്ടിന് അസാമില്‍ സമാപിച്ച സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ഗോള്‍കീപ്പിംഗ് കോച്ചായിരുന്നു കെ.ടി. ചാക്കോ. ഫുട്ബോളില്‍ എസ്ബിയുടെ അഭിമാനംകാത്ത ഏക അന്തര്ദേശീയതാരവുമാണ് ചാക്കോ. അതോടൊപ്പം തന്നെ ബോസ്കറ്റ് ബോളില്‍ അന്വിന് ആന്റണി, ജോസ് കുര്യന്, സുബാഷ് ജെ.ഷേണായി, ജോ ആന്റണി, ബേസില്‍ ഫിലിപ്പ് തുടങ്ങിയവര്‍ എസ്ബിയുടെ സംഭാവനകളാണ്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പുരുഷ അത്ലറ്റിക്സ് ടീമിലെ മുഖ്യ അത്ലറ്റുകളും ബാസ്കറ്റ്ബോള്‍ ടീമിലെ ഭൂരിപക്ഷഅംഗങ്ങളും എസ്ബി കോളജിലെ താരങ്ങളാണ്. ഇക്കഴിഞ്ഞ എംജി സര്‍വകലാശാലയുടെ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 193 പോയിന്റുമായി എസ്ബി കോളജ് പുരുഷവിഭാഗം ജേതാവായി. 23 ഇനങ്ങളിലെ മത്സരങ്ങളില്‍ 13 ഇനങ്ങളിലും എസ്ബിക്കായിരുന്നു. അരനൂറ്റാണ്ട് പിന്നിട്ട ഫാ.പി.സി.മാത്യു സ്മാരക ബാസ്ക്റ്റ്ബോള്‍, മോണ്‍.ഫ്രാന്‍സിസ് കാളാശേരി ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ പ്രശസ്തമാണ്.
എസ്ബി കോളജില്‍ നിരവധി കായിക അടിസ്ഥാന സൗകര്യങ്ങൾ
അത്യാധുനിക സൗകര്യങ്ങളോടെ കൂടിയ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഔട്ട്ഡോര്‍ ഫ്ളഡ്ലിറ്റ് കോര്‍ട്ട്, ഫുട്ബോള്‍ ഗ്രൗണ്ട്, അത്ലറ്റിക്സ് ട്രാക്ക്, വോളിബോള്‍ ഗ്രൗണ്ട്, കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ പ്രാക്ടീസ് നെറ്റ്, മള്‍ട്ടി ജിംനേഷ്യം, 40 ലധികംതാരങ്ങളെ അക്കമഡേറ്റ് ചെയ്യാവുന്ന സ്പോര്‍ട്സ് ഹോസ്റ്റല്‍, ബാസ്ക്കറ്റ് ബോളിലും, അത്ലറ്റ്ക്സിലും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്പോര്‍ട്സ് അക്കാദമി എന്നിക ഈ കോളജിലെ ആകര്‍ഷണങ്ങളാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമാരായ എ.ആര്.സൂരജുംകെ.വിപിനുമാണ് പരിശീലകര്‍.
മിഥുന് മുരളി അത്ലറ്റിക്സിലും അഖില്‍ കെ ശശി, ക്രിസ്ത്യന്‍ വില്‍സണ്‍, അമല്‍ ലക്ഷ്മണ് എന്നിവര്‍ ഫുട്ബോളിലും പരിശീലകരാണ്. മുന്‍ കായികമേധാവി പ്രഫ.ജോസഫ് ജോസഫ് അത്തിക്കളത്തിന്റെ മകന് ലഫ്റ്റനന്റ് സോജി ജോസഫാണ് ഇപ്പോള്‍ കായിക വിഭാഗം മേധാവി.